ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റർ കൂടി തുരന്നാൽ രക്ഷാദൗത്യം വിജയ്ക്കുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് പതിനാറാം ദിവസം പിന്നിടുകയാണ്. കുത്തനെ തുരക്കുന്നതിനിടയിൽ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കിൽ 100 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്‍റെ പ്രതീക്ഷ. 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി 16 ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആശങ്ക ഉയര്‍ത്തുകയാണ്.പൈപ്പിൽ കുടുങ്ങിയ ഓഗർ മിഷന്‍റെ ബ്ലൈഡ് ഉടൻ മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മലയുടെ മുകളിൽ നിന്നുള്ള ഡ്രില്ലിങും പുരോഗമിക്കുന്നത്.
മദ്രാസ് ട്രൂപ്പില്‍ നിന്നുള്ള യൂണിറ്റും, സൈന്യത്തിലെ എഞ്ചിനീയര്‍ ഗ്രൂപ്പും സില്‍ക്ക്യാരയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാര്‍ക്ക് ഓക്‌സിജനും അതുപോലെ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.