സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി. കാനത്തിന്റെ മരണത്തെ തുടർന്ന് നവകേരളസദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.
കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ 7 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തലസ്ഥാനത്തേക്ക് കൊണ്ടുവരുക. തുടർന്ന് ഇടപ്പഴഞ്ഞിയിലെ വീട്ടിലും പട്ടം പിഎസ് സ്മാരകത്തിലും പൊതുദർശനം നടക്കും. തുടർന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും.നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.