തിരുവനന്തപുരത്തിന്റെ ശാസ്ത്രീയ സംഗീത മാമാങ്കമായ തുളസീവന സംഗീതോത്സവത്തിന്റെ ഒമ്പത് ദിനരാത്രങ്ങൾക്ക് തൈക്കാട് ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ തുടക്കമായി. സംഗീതോത്സവം വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുളസീവന സംഗീത പരിഷത്ത് പ്രസിഡൻറ് ജി. രാജ്മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിദ്ധ സംഗീത വിദ്വാനും സംഗീത കോളേജ് മുൻ പ്രിൻസിപ്പാളുമായ പ്രൊഫ. പി. ആർ. കുമാരകേരള വർമ്മയെ ആദരപത്രം നൽകി സമാദരിച്ചു.
ലോകം ആദരിക്കുന്ന എല്ലാ പ്രസിദ്ധ ശാസ്ത്രജ്ഞരും ഏതെങ്കിലും വിധത്തിൽ സംഗീതവുമായി ബന്ധപ്പെട്ടവരായിരുന്നു എന്ന് വി.എസ്.എസ്.സി ഡയറക്ടർ പറഞ്ഞു. ആൽബർട്ട് ഏൻസ്റ്റീൻ അറിയപ്പെടുന്ന വയലിനിസ്റ്റ്, ബോസോൺ കണിക കണ്ടെത്തിയ സത്യേന്ദ്രനാഥ് ബോസ് രവീന്ദ്രസംഗീതം, രാജാ രാമണ്ണ കർണാടക സംഗീതം തുടങ്ങി അത്യനേകം ശാസ്ത്രജ്ഞർ സംഗീതത്തിൽ നിപുണരായിരുന്നു. അനന്തപുരി ശാസ്ത്രത്തിന്റെയും കലയുടെയും ജുഗൽബന്തി നഗരമാണെന്നും ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.
പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയുമായ പ്രഭാവർമ്മ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ തുളസീവന കൃതികളുടെ രചയിതാവായ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീത പരിഷത്ത് ചെയർമാൻ ഡോ. ആർ. അജയ് കുമാർ സ്വാഗതവും, ജനറൽ സെക്രട്ടറി വൈക്കം വേണുഗോപാൽ കൃതജ്ഞതയും പറഞ്ഞു. മണക്കാട് രാമചന്ദ്രൻ, ഡോ. ശ്രീവത്സൻ നമ്പൂതിരി, ജി. വിജയകുമാർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സംഗീതോത്സവത്തിന്റെ ആദ്യദിന കച്ചേരി പ്രസിദ്ധ സംഗീത വിദ്വാൻ ആനയടി പ്രസാദിന്റെ നേതൃത്വത്തിൽ നടന്നു.