ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ് സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് കാരണം.തുടര്‍ന്ന് സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറിൽ 31 ന് വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഡിസംബർ 30 നാണ് പുതുവത്സരം ആഘോഷിക്കാൻ സഞ്ജയ് ഗോവക്ക് പോയത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് 19 വയസുകാരനായ സഞ്ജയ്.