ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനിലെ പ്രദേശത്ത് അധിനിവേശമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.’ഗാസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യം’- നെതന്യാഹു പറഞ്ഞു. രൂക്ഷയുദ്ധം തുടരുന്നതിനിടെ വടക്കൻ ഗാസയിൽ നാലുമണിക്കൂർ മാനുഷിക ഇടവേള പ്രഖ്യാപിക്കാൻ ഇസ്രയേൽ സമ്മതിച്ചെന്ന് വൈറ്റ്ഹൗസ് പറഞ്ഞിരുന്നു.
പലായനം ചെയ്യുന്നവർക്ക് സുരക്ഷിത ഇടനാഴിയൊരുക്കാനാണ് പ്രതിദിനം നാലുമണിക്കൂർ ഏറ്റുമുട്ടലിന് അയവുവരുത്തുന്നതെന്ന് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജോൺ കിർബി പറഞ്ഞു. വ്യാഴാഴ്ചമുതൽ ഇത് നിലവിൽവന്നു. തെക്കൻ ഗാസയിലേക്ക് പോകുന്നവർക്ക് ഒരു സുരക്ഷിത ഇടനാഴികൂടി ഇസ്രയേൽ തുറന്നു. ഉത്തര-ദക്ഷിണ ഹൈവേയുമായി ചേരുന്ന തീരദേശറോഡുവഴിയാണിത്. യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് മാനുഷിക ഇടവേള പ്രഖ്യാപിക്കുന്നത്.ഇതിനിടെ ഗാസാസിറ്റിയിൽനിന്ന് പതിനായിരങ്ങളാണ് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോവുന്നത്. മധ്യഗാസയിലെ വാദി ജില്ലയിലും ഏറ്റുമുട്ടൽ ശക്തമാണ്.