ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പതിനായിരങ്ങള്‍ പൊങ്കാല അർപ്പിച്ചു. പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നും നിരവധി ഭക്തർ ചക്കുളത്തുകാവിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ റോഡുകളിൽ പൊങ്കാല അടുപ്പുകൾ കൂട്ടിയാണ് ചക്കുളത്തമ്മയ്ക്ക് നേദ്യം ഒരുക്കിയത്. 3000 ഓളം ക്ഷേത്ര വോളന്റിയേഴ്സിന്റേയും 500 ഓളം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർ പൊങ്കാല സ്ഥലങ്ങളുടെ സുരക്ഷ ക്രമീകരങ്ങൾ ഏറ്റെടുത്തിരുന്നു.
പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടന്നു. 10.30 ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊങ്കാല ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശിയായ സദ്ഗുരു രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ പകർന്നു. മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവർ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിച്ചു.
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്ത സംഗമം മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. എ.ബി.എ.എസ്.എസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാർ, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ ജയകുമാർ, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
11.30 ന് 500- ല്‍ പരം വേദപണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.