തമിഴ്നാട് തൂത്തുക്കുടിയിലെ വേദാന്തയുടെ ചെമ്പ് സംസ്ക്കരണ യൂണിറ്റ് തുറക്കാന്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഫാക്ടറി അടച്ചൂപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള വേദാന്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വ്യാഴാഴ്ചയാണ് സുപ്രീം കോടതി വേദാന്തയുടെ ഹർജി തള്ളിയത്. 2018 മെയ് മാസത്തിലാണ് തമിഴ്നാട് സർക്കാർ വേദാന്തയുടെ ചെമ്പ് സംസ്ക്കരണ യൂണിറ്റ് സ്ഥിരമായി അടച്ചിടാൻ ഉത്തരവിട്ടത്. മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു. അറ്റകുറ്റ പണികളുടെ ഭാഗമായി ഭാഗികമായി 2018 മാർച്ചിൽ കമ്പനി പ്രവർത്തനം നിർത്തിയിരുന്നു.
സ്റ്റെർലൈറ്റ് പ്ലാന്‍റിൽ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടന്ന ജനകീയ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 13 പേരാണ് തൂത്തുക്കുടിയിൽ കൊല്ലപ്പെട്ടത്. നേരത്തെ ചെമ്പുശുദ്ധീകരണ ശാല ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സർക്കാർ വാദം കോടതി അംഗീകരിച്ച് വേദാന്ത ഗ്രൂപ്പിന്റെ ഹർജി 2020ൽ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി ബി പർഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വേദാന്തയുടെ ഹർജി തള്ളിയത്.