പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും വിവരമുണ്ട്.
ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥിക്കൂട്ടം കണ്ടു നിൽക്കുകയായിരുന്നു. ഒരാൾ പോലും സിദ്ധാർത്ഥൻ്റെ രക്ഷയ്ക്ക് വന്നില്ല. 130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാർത്ഥൻ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. വിദ്യാർത്ഥികൾക്കിടയിൽ വെച്ച് സിദ്ധാർത്ഥൻ ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കൾ പോലും സഹായിച്ചില്ല. ഇത് സിദ്ധാർത്ഥിനെ മാനസികമായി തളർത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമമെന്നാണ് പുറത്തുവരുന്നത്.