സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ സാഹചര്യത്തിൽ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഒക്ടോബർ 11 മുതൽ 13 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അതിനിടെ കേരള തീരത്ത് 12-10-2023 രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.