ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കില്ല. കാല്‍ക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെയായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഹാര്‍ദിക്കിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാവില്ലന്ന യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ടീമിനൊപ്പം തന്നെയുണ്ടാവും. ഇന്ത്യ കളിക്കുന്ന ഓരോ പന്തുകള്‍ക്കും എന്റെ പിന്തുണയുണ്ടാവും. സ്നേഹാഷ്വണങ്ങള്ക്ക് നന്ദി. നിങ്ങള്‍ തന്ന സ്നേഹവും പരിഗണനയും മഹത്തരമായിരുന്നു. സ്പെഷ്യല്‍ ടീമാണ് ഇന്ത്യ. ഈ ടീം നമ്മളെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കും.” ഹാര്‍ദിക് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
പരിക്കിന് പിന്നാലെ ഹാര്‍ദിക് പരിചരണത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരുന്നു. പാണ്ഡ്യയോട് എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് കീഴിലെ ചികില്‍സയിലൂടെ പരിക്ക് മാറി നോക്കൗട്ട് ഘട്ടം ആകുമ്പോഴേക്ക് പാണ്ഡ്യക്ക് മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ ഹാര്‍ദിക്കിന്റെ പരിക്ക് ഭേദമായില്ല. ഇതോടെ ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും നിര്‍ണായകമാകാന്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാവും.