നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികൾക്കും ഒപ്പം ആരോഗ്യവും സന്തോഷവും നേരുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമാണ്. അതിൽത്തന്നെ സിംഹഭാഗവും സജീവമായി രാഷ്ട്രീയ നേതൃനിരയിൽ നിറഞ്ഞുനിൽക്കുക എന്നതും അധികം സംഭവിക്കുന്ന കാര്യമല്ല. നൂറു വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്.
നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച വി എസ് എന്ന വിപ്ലവകാരിക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ഹൃദയത്തിൽ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ–- എം വി ഗോവിന്ദൻ മാസ്‌റ്റർ പറഞ്ഞു.