ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റര്‍ ഓലീ പോപിനെ തോളുകൊണ്ട് ഇടിച്ച ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഐസിസിയുടെ താക്കീത്. ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 1 കുറ്റം ബുമ്ര ചെയ്തതയാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ റണ്ണിനായി ഓടുകയായിരുന്ന ഓലീ പോപിനെ ബുമ്ര ഇടിക്കുകയായിരുന്നു. പെരുമാറ്റ ചട്ട ലംഘനത്തിന് താക്കീതിന് പുറമെ ഒരു ഡീമെറിറ്റ് പോയിന്‍റും ബുമ്രക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 24 മാസത്തിനിടെ ബുമ്ര ആദ്യമായാണ് ശിക്ഷിക്കപ്പെടുന്നത് എന്നതിനാല്‍ സസ്പെഷന്‍ ലഭിക്കില്ല.
താരങ്ങളെയോ സപ്പോര്‍ട്ട് സ്റ്റാഫിനെയോ അംപയര്‍മാരെയും മാച്ച് റഫറിയെയോ കാണികളെയോ മറ്റാരെങ്കിലുമെയോ രാജ്യാന്തര മത്സരത്തിനിടെ ഏതെങ്കിലും താരമോ സപ്പോര്‍ട്ട് സ്റ്റാഫോ കായികമായി ആക്രമിക്കുന്നത് തടയാനുള്ള ആര്‍ട്ടിക്കിള്‍ 2.12 ജസ്പ്രീത് ബുമ്ര ലംഘിച്ചതായാണ് വിധി. ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ റിച്ചീ റിച്ചാഡ്‌സണിന്‍റെ കണ്ടെത്തല്‍ ജസ്പ്രീത് ബുമ്ര അംഗീകരിച്ചതിനാല്‍ താരം ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഹാജരാകേണ്ടതില്ല. ഫീല്‍ഡ് അംപയര്‍മാര്‍, മൂന്നാംഅംപയര്‍, നാലാം അംപയര്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് മാച്ച് റഫറിയുടെ നടപടി.