13-ാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ കഴിഞ്ഞതവണത്തെ റണ്ണറപ്പുകളായ ന്യൂസീലന്‍ഡിനെ ടീം ഇന്ത്യ ഇന്ന് നേരിടും. മത്സരം ഉച്ചയ്ക്ക് രണ്ടുമുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക.2019 ഏകദിന ലോകകപ്പില്‍ 18 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ക്കടന്നത്. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവര്‍ എട്ടുവിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ചു. അതിന്, സ്വന്തംനാട്ടില്‍ പകരംവീട്ടാനുള്ള സുവര്‍ണാവസരംകൂടിയാണിത്.
എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവന്‍ പോയന്റും സ്വന്തമാക്കി ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസീലന്‍ഡാകട്ടെ ആദ്യ നാലുമത്സരങ്ങള്‍ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തില്‍ ജയിച്ച് നാലാംസ്ഥാനത്തോടെ സെമി ഉറപ്പാക്കി.