എടത്വാ: ഇരുട്ടി വെളുത്തപ്പോൾ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. എടത്വാ പഞ്ചായത്ത് ഒൻപതാം വാർഡിൽ പാണ്ടങ്കരി പുത്തൻപുര പറമ്പിൽ തങ്കച്ചന്റെ വീടിന് മുൻപിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ആറ് മാസമായി പനയ്ക്കത്തറ ശശി ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ബുധനാഴ്ച രാത്രി ശശിയും കുടുംബവും ഉറങ്ങാൻ കിടക്കുമ്പോൾ കിണറിന് യാതൊരു ചലനവും ഉണ്ടായിരുന്നില്ല. പുലർന്നപ്പോൾ വീട്ടുകാർ കണ്ടത് കിണർ പൂർണ്ണമായി താഴ്ന്ന നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. കിണറിന് സമീപത്ത് നിന്ന വീടിന് കേടുപാട് സംഭവിച്ചിട്ടില്ല.