തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അടത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.