ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വ്യാഴാഴ്ച ഇ.ഡിയുടെ പരിശോധനക്കും തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാൽ, അദ്ദേഹം ഹാജരായിരുന്നില്ല. കെജ്‌രിവാളിന്റെ വസതിയിലേക്ക് പോകുന്ന വഴികൾ ഡൽഹി പോലീസ് അടച്ചതായി ആപ്പ് നേതാക്കാൾ അറിയിച്ചു.നേരത്തെ നവംബർ രണ്ടിനും ഡിസംബർ 21 നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് കെജ്രിവാളിന്റെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുക്കുന്നത് തടയുകയാണ് അറസ്റ്റിലൂടെ ഇ.ഡി ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു.