നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല.സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാർ ഹർജിയിൽ ആരോപിച്ചത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ ചോർന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് ഹണി എം വർഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പാണ് അതിജീവിതയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്.