രണ്ടാംഘട്ടത്തില്‍ കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 71 ശതമാനം സീറ്റും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് സാധ്യത വർധിപ്പിക്കുമെന്നാണ് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നത്.
88 മണ്ഡലങ്ങളില്‍ 62 ലും ബിജെപി ആയിരുന്നു 2019 ല്‍ വിജയിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികളും 18 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. നാല് സീറ്റുകള്‍ സഖ്യകക്ഷികളും ഒന്നില്‍ സിപിഎമ്മും ജയം നേടി. അതാണ് 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ ചിത്രം.
കർണാടകയില്‍ 14 സീറ്റുകളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ തോല്‍വിയില്‍ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബിജെപി മോദി ഫാക്ടർ, ലൗജിഹാദ് ചർച്ച, രാമേശ്വരം സ്ഫോടന വിഷയങ്ങളിൽ വിജയിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 2019 ല്‍ ഒരും സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. 14ല്‍ 7 സീറ്റില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. ഇത്തവണ സീറ്റുകള്‍ കൂടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ മേഖലയിലെ മൂന്ന് സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. ഇതില്‍ രണ്ട് സീറ്റില്‍ തൃണമൂലിന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുണ്ട്.