കൊല്ലം ജില്ലയിലെ ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം, കുട്ടിയെ കാണാതായിട്ട് 6 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കൊല്ലം സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായാണ് വിവരം. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു.