ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭ. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ ഇല്ലാതാക്കുന്നത് എല്ലാ മനുഷ്യാവകാശങ്ങളുടേയും ലംഘനമാണെന്നും കത്തോലിക്കാ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഞ്ചുവർഷത്തോളം പഠം നടത്തിയാണ് 20 പേജുള്ള പ്രഖ്യാപനം തയ്യാറാക്കിയത്. വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് ആണ് തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കിയത്. പ്രസ്താവന തയ്യാറാക്കി മാസങ്ങളോളം നടത്തിയ പരിശോധനകൾക്കുശേഷം മാർച്ച് 25നാണ് ഫ്രാൻസിസ് മാർപാപ്പ ഇതിന് അംഗീകാരം നൽകിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന ജെൻഡർ തിയറിയെ വത്തിക്കാൻ നിരാകരിക്കുന്നു. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയം ദൈവമാകാൻ ശ്രമിക്കുകയോ അരുതെന്നാണ് പ്രഖ്യാപനം പറയുന്നത്. വാടകഗർഭപാത്രത്തിലൂടെയുള്ള ജനനം വാടക അമ്മയുടെയും ജനിക്കുന്ന കുഞ്ഞിൻറെയും അന്തസ്സിനെ ഹനിക്കുന്നുവെന്നും വത്തിക്കാൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.