ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകൾ തേടും. ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്.
പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു. ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്.