നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ അയൽവാസിയുടെ വീട്ടു വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 65 വയസായിരുന്നു. അയൽവാസിയുടെ വീടിന്റെ പിൻഭാഗത്ത് ആയിട്ടാണ് ഇന്ന് രാവിലെ ഹനീഫയുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൈക്കളിൽ തുണി കച്ചവടം നടത്തുകയും, ആക്രി സാധനങ്ങൾ എടുത്ത് വിൽക്കുന്നയാളുമാണ് മരിച്ച ഹനീഫ. ഇന്നലെ ആക്രി സാധനങ്ങൾ കയറ്റി പോയ ഇദ്ദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇവിടെ നിന്ന് പുറത്തേക്ക് പോയി. പണം വാങ്ങാൻ പോയതാകുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ പുലർച്ചെ മൂന്ന് മണിയായിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ തിരച്ചിൽ നടത്തി. ഈ സമയത്താണ് അയൽവാസിയുടെ വീടിന് പുറകിൽ ഹനീഫ മരിച്ചു കിടക്കുന്നതായി വിവരമറിഞ്ഞതെന്ന് മകൻ മുഹമ്മദ് ഷഹൽ പറഞ്ഞു. നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി തുടങ്ങി. മൈമൂനയാണ് മരിച്ച ഹനീഫയുടെ ഭാര്യ.