ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചിൽക്കലൂരിപേട്ട മണ്ഡലത്തിലെ പശുമാറിനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് സ്വകാര്യ ട്രാവൽസിൻ്റെ ബസും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ബപട്‌ല ജില്ലയിലെ നിലയപാലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്. കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (9), ബസ് ഡ്രൈവർ ആൻജി, ടിപ്പർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ഹരി സിങ് എന്നിവരാണ് മരിച്ചത്. എന്നാൽ മരിച്ചവരിൽ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞയുടനെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.
ബസിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബപട്‌ല ജില്ലയിലെ നിലയപാലം മണ്ഡലത്തിൽ നിന്ന് തിങ്കളാഴ്ച വോട്ട് ചെയ്ത് ഹൈദരാബാദിലേക്ക് മടങ്ങുന്നവരായിരുന്നു ബസ്സിലെ യാത്രക്കാർ. ബസിന് തീപിടിച്ച ഉടൻ യാത്രക്കാർ ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടി. എന്നാൽ, പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇവരാണ് അപകടത്തിൽ പെട്ടത്.