കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ ആക്രമിച്ചതായി പരാതി. അമരാവതി സ്വദേശി ജോബിൻ ചാക്കോയ്ക്കാണ് മർദനമേറ്റത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ കുമളി മൂന്നാം മൈലിൽ വച്ചായിരുന്നു ആക്രമണം. ഫേസ്ബുക്കിൽ സിപിഎം നേതാവിനെതിരെ പോസ്റ്റിട്ടതിൻ്റെ പേരിലായിരുന്നു മർദനം. മാരകായുധങ്ങളുമായി ജീപ്പിൽ എത്തിയ സംഘം ആണി തറച്ച പട്ടികയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ജോബിൻ്റെ ഒരു കാൽ ഒടിയുകയും മറ്റൊരു കാലിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. കൈയ്ക്കും പരിക്കേറ്റു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജോബിനെ കട്ടപ്പന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ പൊലീസിൽ പരാതിയും നിലവിലുണ്ട്. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കി