നീലേശ്വരം: ഭര്‍തൃമതി ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍.
ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന് നായരുടെ മകള്‍ ഷീജയുടെ(33) ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് മടിക്കൈ എരിക്കുളം നാരയിലെ പ്രവാസി ജയപ്രകാശിനെ (45) അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ നീലേശ്വരം എസ്.ഐ ടി.വിശാഖും സംഘവും
ഇന്ന് പുലര്‍ച്ചെ ബന്ധുവീട്ടില്‍ വച്ചാണ് ജയപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ഷീജ മരണപ്പെട്ടതിന് ശേഷം ജയപ്രകാശ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നീലേശ്വരം പോലിസ് നടത്തിയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഷീജയെ മടിക്കൈ നാരയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഷീജയുടെ വീട്ടുകാരുടെ മൊഴിയും അവര്‍ നല്കിയ തെളിവുകളും അടിസ്ഥാനമാക്കി പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഷീജയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ജയപ്രകാശനെതിരെ ഗാര്‍ഹീക പീഡനകുറ്റവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. മകളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ നളിനി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന് നായര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ നീലേശ്വരം പോലിസിന് നിര്‍ദ്ദേശം നല്‍കിയത്. ബങ്കളത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ജൂണ്‍ 29നു നടത്താനിരിക്കെയാണ് ഷീജ മരണപ്പെട്ടത്.