കണ്ണൂര്‍: സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ കണ്ണൂരില്‍ അട്ടിമറി വിജയം സ്വന്തമാക്കി യു.ഡി.എഫ്. പയ്യന്നൂര്‍ ചെറുതാഴം കക്കോണി വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് തകര്‍ത്താണ് യു.ഡി.എഫ് സ്വന്തമാക്കിയത്. പതിനാറാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി യു. രാമചന്ദ്രന് എല്‍.ഡി.എഫിലെ സി. കരുണാകരനെയാണ് പരാജയപ്പെടുത്തിയത്. ഇതുവരെയും യു.ഡി.എഫിനു അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത പ്രദേശമായിരുന്നു ചെറുതാഴം. കഴിഞ്ഞ തവണ ഒരുവോട്ടിനായിരുന്നു എല്‍.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി യു. രാമചന്ദ്രന് 589 വോട്ടിലാണ് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. കരുണാകരന് 509 വോട്ടും നേടി. കോര്പറേഷന് പള്ളിപ്രം ഡിവിഷന് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. യു.ഡി.എഫിലെ എ. ഉമൈബ എല്‍.ഡി.എഫിലെ ടി.വി റുക്സാനയെയാണ് പരാജയപ്പെടുത്തിയത്. 1015 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ യു.ഡി.എഫ് ലീഡ് 701 ആയിരുന്നു.
വിജയാഹ്ലാദത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.