ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡെല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര് മേധാവി അമിത് ചക്രവര്‍ത്തിയും നല്കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര് ഗവായി അധ്യക്ഷനായ ബെഞ്ച് പോലീസിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ വിശദീകരണം ആവശ്യമാണെന്നും മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജികള്‍ ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് ഹര്‍ജിയില്‍ പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.