കാസര്‍കോഡ്: കാട്ടുപോത്തിന്റെ ഇറച്ചിയുമായി മൂന്നുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ അതിരുമാവ് പാട്ടത്തില്‍ പി.കെ. മധു (40), ബന്തടുക്ക മാനടുക്കം മലാംകുണ്ട് ആര്. സുരേഷ് (37), പാലക്കാട് ഉളിങ്ങടവ് കൊച്ചുമലയില്‍ ആര്. ലിനേഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
ബന്തടുക്ക കക്കച്ചാലില് താമസിക്കുന്ന ഷെഡില്‍നിന്നാണ് മൂന്നുപേരെയും പിടിച്ചത്. പാചകംചെയ്തതും പച്ചയുമായ ഇറച്ചി ഇവിടെനിന്ന് പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
അനിലിന്റെ വീട്ടുപരിസരത്തുനിന്ന് പോത്തിന്റെ അവശിഷ്ടം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍നിന്നും ഇറച്ചി കണ്ടെത്തി. ആ ജീപ്പും കസ്റ്റഡിയിലെടുത്തു.ഇറച്ചി തങ്ങള്‍ക്ക് നല്‍കിയത് ബന്തടുക്ക മാരിപ്പടുപ്പിലെ അനില്‍ ആണെന്നാണ് പിടിയിലായവരുടെ മൊഴി. അനില്‍ ഒളിവിലാണ്. മരപ്പണിക്കാരനായ അനിലിന്റെ തൊഴിലാളികളാണ് അറസ്റ്റിലായവര്‍.
കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോളമന് ജോര്‍ജ്, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.