വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് യുവാവ് വീട് കയറി ആക്രമണം നടത്തി. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.
രാത്രി 10 നു വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സജ്നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.