സിക്കിം പ്രളയത്തിൽ കണാതായ 142 പേരിൽ 62 പേരെ ജീവനോടെ കണ്ടെത്തി. തെരച്ചിൽ തുടരുന്നെന്ന് സൈന്യം. ഇപ്പോൾ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു. അതേസമയം, സിക്കിം പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി. മരിച്ചവരിൽ 7 പേർ സൈനികരാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുവെന്നും അധികൃതർ ആവർത്തിച്ചു. ചുങ്താങ് ഡാം തകർന്നതിൽ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയിൽനിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം.ബംഗാൾ അതിർത്തി മേഖലയിൽ ടീസ്ത നദിക്കരയിൽനിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. മൂന്ന് ദിവസത്തിനിടെ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 1173 വീടുകളാണ് സംസ്ഥാനത്ത് തകർന്നത്. പല മേഖലയിലും ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. ആളുകൾ കുടുങ്ങികിടക്കുന്ന മേഖലയിലേക്ക് എൻഡിആർഎഫിനും സൈന്യത്തിനും ഹെലികോപ്റ്ററിൽ ഇറങ്ങാനായില്ല. കാണാതായ സൈനികരെയും ചുങ്താങ്ങിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നാഗാ ഗ്രാമത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി പ്രേം സിംങ് തമാങ് നടപടികൾ ഊർജിതമാക്കാൻ നിർദേശം നൽകി. ചുങ്താങ് ഡാം തകർന്നതാണ് നാശനഷ്ടങ്ങൾ കൂട്ടിയത്.