മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കം. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികൾ കേൾക്കുകയാണ് സർക്കാർ ചെയ്യുന്നത്. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സര്‍ക്കാർ ചെലവിൽ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
രാഷ്ട്രീയ യാത്രകൾ കേരളം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മന്ത്രിസഭാ ഒന്നടങ്കം നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്ന സർക്കാർ പരിപാടി കേരള ചരിത്രത്തിൽ ഇതാദ്യമാണ്. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുക എന്ന വലിയ ലക്ഷ്യമാണ്.
ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി രാവിലെ 9 മണി മുതൽ പത്ത് വരെ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോർട്ട് കാർഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വർഷക്കാലത്തെ സർക്കാർ ലക്ഷ്യങ്ങളും അവതരിപ്പിക്കും. ഓരോ മണ്ഡല സദസ് വേദികളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ. ആവശ്യമെങ്കിൽ മന്ത്രിമാരും പരാതികൾ കേൾക്കും. വരുന്ന പരാതികളുടെ ഫോളോ അപ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിക്കണം. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ലോകസഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും.