റിലീസിങ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ആരോമലിന്റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫൽ ആണ് ഹർജി നൽകിയത്. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സിനിമ എന്നത് സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. വിഷയത്തിൽ അഡ്വ.ശ്യാംപത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.