പിതാവിന്‍റെ തലയറുത്ത ശേഷം യുട്യൂബില്‍ ഭയാനകമായ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. യു.എസുകാരനായ ജസ്റ്റിന്‍ മോണ്‍(33) ആണ് പിതാവ് മൈക്കൽ മോണിനെ(68)അതിക്രൂരമായി കൊലപ്പെടുത്തിയത്. പെന്‍സില്‍വാനിയയിലെ വീട്ടില്‍ വച്ചാണ് സംഭവം. ഭര്‍ത്താവിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവദിവസം താന്‍ ഉച്ചക്ക് രണ്ടുമണി വരെ വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവിന്‍റെ കാര്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈക്കിളിന്‍റെ മൃതദേഹം ബാത്‍റൂമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിനു മുന്‍പെ ദമ്പതികളുടെ മൂത്ത മകനായ ജസ്റ്റിന്‍ പിതാവിന്‍റെ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു. ബാത് ടബ്ബില്‍ നിന്നും വെട്ടുകത്തിയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും കണ്ടെത്തി. ബാത്ത്റൂമിനോട് ചേർന്നുള്ള ഒന്നാം നിലയിലെ കിടപ്പുമുറിയിൽ പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ പിന്നീട് മൈക്കിളിന്‍റെ തലയും പൊലീസ് കണ്ടെത്തി. ഒന്നാം നിലയിലെ കിടപ്പുമുറിയിലും മേശക്കരികിലും ചവറ്റുകുട്ടയിലുമായി രക്തം കലര്‍ന്ന റബ്ബര്‍ കയ്യുറകളും ഉണ്ടായിരുന്നു.