മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്‍റ് ആംബുലന്‍സില്‍ ബന്ദിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍. എലിഫന്‍റ് ആംബുലന്‍സ് രാമപുര ക്യാമ്പിലെത്തി നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല. പിന്നീട് അല്‍പസമയത്തിനകം ചരിഞ്ഞു. പെട്ടെന്നുള്ള മരണകാരണം സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ പുരോഗമിക്കുന്നത്. ആനയ്ക്ക് ബാഹ്യമായ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴും 15മണിക്കൂറിലധികം വെള്ളം കിട്ടാതെ കഴിഞ്ഞതിന്‍റെ അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുണ്ടായിരുന്നിരിക്കാമെന്ന അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്.
കൊമ്പൻ ചരിഞ്ഞുവെന്നറിഞ്ഞത് വളരെ വിഷമമായെന്നും നാട്ടിലിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും ശാന്തനായിരുന്നുവെന്നും മാനന്തവാടിയിലെ നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ ഡിഎഫ്ഒമാരും രാമപുരയിലെത്തിയിട്ടുണ്ട്. എലഫന്‍റ് സ്ക്വാഡിലെ കോര്‍ ടീമും ക്യാമ്പില്‍ തുടരുന്നുണ്ട്. കേരള -കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുടര്‍നടപടികള്‍. ആനയെ കൈമാറുന്നത് വരെ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും ബാഹ്യമായ ആരോഗ്യ പ്രശ്നങ്ങളും കണ്ടിരുന്നില്ലെന്നും മയക്കുവെടി ഏറ്റാൽ ഉള്ള പതിവ് ക്ഷീണം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് വെറ്ററിനറി ടീം പറയുന്നത്. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആന തീറ്റയും വെള്ളവും കൃത്യമായി എടുത്തിരുന്നില്ലെന്നും സൂചനയുണ്ട്.