പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു.
പൊലീസ് ഉപദ്രവിച്ചതായി കോടതിയിൽ ഹാജരാക്കിയ പ്രതികൾ വെളിപ്പെടുത്തി. പ്രതികളെ ഉപദ്രവിക്കാൻ പൊലീസ് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പ്രതികളെ മർദ്ദിച്ച പൊലീസുകാർക്കെതിരായ പരാതി വിശദമായി എഴുതി നൽകാനും കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് അകത്തേക്ക് ഷൂ വീണില്ലല്ലോ എന്നും പിന്നെങ്ങനെ വധശ്രമം നിലനിൽക്കുമെന്നും പൊലീസിനോട് കോടതി ചോദിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.