കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ മെഴുകുതിരി കത്തിക്കല്‍ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ശുചി മുറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു വ്യത്യസ്തമായ പ്രതിഷേധം. ഷി അരീന പദ്ധതി പ്രകാരം 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പിലാക്കിയ ശുചിമുറി നിര്‍മ്മാണത്തില്‍ നടന്ന അഴിമതി വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ യോഗനടപടിക്രമങ്ങള്‍ ചട്ടം ആറ് പ്രകാരം പ്രത്യേക ഭരണസമിതി യോഗം ചേരാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ പദ്ധതിയില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുണ്ടായി.
തുടര്‍ന്ന് സംസാരിച്ച എല്‍ ഡി എഫ് അംഗങ്ങളെല്ലാം അഴിമതി ആവര്‍ത്തിച്ച് വിശദീകരിച്ചു. ചര്‍ച്ചക്ക് മറുപടി പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അഴിമതിക്ക് നേതൃത്വം നല്‍കിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെയും ന്യായീകരിക്കുകയാണ് ചെയ്തതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. അഞ്ചു കാര്യങ്ങളാണ് ഭരണസമിതി യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം പൊളിച്ചു നീക്കുക. നിര്‍വഹണ ഏജന്‍സിക്ക് നല്‍കിയ മുഴുവന്‍ തുകയും തിരിച്ചുപിടിക്കുക. അഴിമതിക്ക് നേതൃത്വം നല്‍കിയ ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുക. അഴിമതിയില്‍ നേരിട്ട് പങ്കാളിത്തമുള്ള ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ പേരില്‍ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുക. അഴിമതിയില്‍ പങ്കാളിത്തമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക എന്നിവയായിരുന്നു അത്. ഈ അഞ്ചു കാര്യങ്ങളോടും യോജിപ്പില്ലെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രതികരിച്ചത്. ഇതേ തുടര്‍ന്ന് ആവശ്യങ്ങള്‍ വോട്ടിനിടണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു അനുകൂലിച്ചും എതിര്‍ത്തും എട്ട് അംഗങ്ങള്‍ വീതം വോട്ട് ചെയ്തു.. അഴിമതിക്കാര്‍ക്ക് നേരേ നടപടി എടുക്കണമെന്ന എല്‍ ഡി എഫ് അംഗങ്ങളുടെ ആവശ്യം കാസ്റ്റിംഗ് വോട്ട് ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെടുത്തി. ഇതേ തുടര്‍ന്നായിരുന്നു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യൂ ഡി എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഭരണനേതൃത്വം തന്നെ ഭരണസമിതി യോഗം ബഹിഷ്‌കരിക്കുന്ന അപൂര്‍വ അനുഭവവും യോഗത്തില്‍ ഉണ്ടായിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം കാസ്റ്റിംഗ് വോട്ടിലൂടെ തള്ളിക്കളഞ്ഞ ആദ്യത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സംഷാദ് മരക്കാര്‍ എന്ന് സുരേഷ് താളൂര്‍ പറഞ്ഞു. തുടര്‍ന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. സുരേഷ് താളൂര്‍ ഉത്ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി ,വൈസ് പ്രസിഡന്റ് എസ് .ബിന്ദു, എന്‍ സി പ്രസാദ് എന്നിവര്‍ സംസാരിച്ചു .ബിന്ദു പ്രകാശ് ,എ എന്‍ സുശീല ,കെ വിജയന്‍ ,സിന്ധു ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി .