കണ്ണൂർ സർവ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിധി സർക്കാരിന് തിരിച്ചടി എന്നാണ് വാർത്ത വന്നത്.എന്നാല്‍
ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിൽ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതി മുൻപാകെ നൽകിയ ഹർജിയിൽ ഗവർണർ ഒന്നാം കക്ഷിയായിരുന്നു. ഗവർണറുടേത് വിചിത്രമായ നിലപാടാണ്.വിസി നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചട്ട വിരുദ്ധമായി അല്ല കണ്ണൂർ വി.സി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നുവെന്നും പിണറായി പറഞ്ഞു