കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോയെന്ന കപ്പലാണ് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത്. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തി. ഒൻപത് മണിയോടെ ബെർത്തിംഗ് നടക്കും. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്.