തൃശൂര്‍ : പ്രതിയുടെ ഭാര്യയുടെ പേരിലുള്ള മോട്ടർസൈക്കിൾ തിരിച്ചു ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ ഭാര്യയും മകനെയും മകന്റെ ഭാര്യയും മകനെയും വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പുന്നയൂർ അകലാട് സ്വദേശി പട്ടത്ത് വളപ്പിൽ വീട്ടിൽ 63 വയസ്സുള്ള ഷെരീഫിനെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗൻ, ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കെ വേണുഗോപാൽ, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുസംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ മകൻ പുന്നയൂർ അകലാട് സ്വദേശി പട്ടത്ത് വളപ്പിൽ വീട്ടിൽ 26 വയസ്സുള്ള ഷെഫീക്കിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടാം തീയതി പുലർച്ചെ രണ്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ ഉമ്മയുടെ പേരിലുള്ള സ്കൂട്ടർ പ്രതിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ സ്കൂട്ടർ തിരിച്ചു ചോദിച്ചതിനുള്ള വൈരാഗ്യത്തിൽ വീട്ടുകാർ ഉറങ്ങിക്കിടന്നിരുന്ന വീടിന്റെ വാതിലുകൾ പുറത്തുനിന്ന് അടച്ച ശേഷം വീടിനകത്തേക്ക് പെട്രോൾ ഒഴിച്ച് സിഗരറ്റ് പടക്കം കത്തിച്ചെറിഞ്ഞാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം പ്രതി മൊബൈൽ ഫോൺ സഹോദരിയുടെ വീട്ടിൽ വെച്ച് ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ് ചാവക്കാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവക്കാട്,വടക്കേക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർമാർ സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടിയത്. സയന്റിഫിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സിഗരറ്റ് പടക്കത്തിന്റെ കഷണങ്ങളും രണ്ട് കാനുകളിലായി സൂക്ഷിച്ചിരുന്ന 15 ലിറ്ററോളം പെട്രോളും പോലീസ് കണ്ടെടുത്തു. എഎസ്ഐ മാരായ സുധാകരൻ, സുധീർ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ,ലിനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.