തൃശൂര്‍ : ചാലക്കുടിയിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നേരെ വഴിയോരക്കച്ചവടക്കാരുടെ മർദ്ദനം. അനധികൃതമായി നടക്കുന്ന വഴിയോരക്കച്ചവടം നീക്കം ചെയ്യാനെത്തിയപ്പോഴാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ നഗരസഭ ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു.ഇന്ന് രാവിലെയാണ് സംഭവം. ചാലക്കുടി ഭാഗത്ത് വഴിയോരക്കച്ചവടത്തിനായി നഗരസഭ 84 കച്ചവടക്കാർക്ക് ലൈസൻസ് നൽകിയിരുന്നു. എന്നാൽ ഒരു ലൈസൻസിന്റെ മറവിൽ ടൗൺ ഹാളിനു മുന്നിൽ അനധികൃതമായി രണ്ടു കടകൾ നടത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനടി കട നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, ഹെൽത്ത് സൂപ്പർവൈസർ രമേശ്, ഡ്രൈവറായ ബിനോയ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയിലെ ജീവനക്കാർ സംയുക്തമായി പ്രതിഷേധിച്ചു.നഗരസഭ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും കൃത്യനിർവഹണം നടത്താനുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരെ മർദ്ധിച്ചവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. ഉദ്യോഗസ്ഥരുടെ പരാതിയിൽ ചാലക്കുടി പോലീസ് കേസെടുത്തു.