എഴുകോൺ | ഇരുമ്പനങ്ങാട് വാർഡിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു. വാർഡിലെ രുക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പോങ്ങാറത്തുണ്ട്, ലക്ഷം വീട് കോളനികളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 47 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്‌ച്ച രാവിലെ 10-ന് ജില്ല പഞ്ചായത്ത് അംഗം സുമാലാൽ നിർവ്വഹിക്കും. പൈങ്ങാമുകൾ ഭാഗത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച പൈങ്ങാമുകൾ മൂഴിയിൽ കുടിവെള്ളപ്പദ്ധതി അവസാന ഘട്ടത്തിൽ ആണ്. രണ്ടു പദ്ധതികളും പൂർത്തിയാകുന്നത്തോടെ വാർഡിലെ ശുദ്ധജലക്ഷാമത്തിന് പരിസഹാരമാകും. പൈനാമുകൾ മൂഴിയിൽ കുടിവെള്ളപദ്ധതി വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കുറച്ച് കാലതാമാസം നേരിട്ടിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഉടൻ പമ്പിങ് ആരംഭിക്കാൻ കഴിയുമെന്ന് ഗ്രാമപഞ്ചായത്തംങ്ങം രഞ്ജിനി അജയൻ പറഞ്ഞു. പോങ്ങാറത്തുണ്ട്, ലക്ഷം വീട് കോളനികളിൽ നിലവിൽ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും പൈപ്പിന്റെയും പമ്പ്സെറ്റിന്റെയും കാലപ്പഴക്കം കാരണം കൃത്യമായി കുടിവെള്ളം എത്തിയിരുന്നില്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു കോളനി നിവാസികൾ. ദിവസവും പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. പല പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് വഴി ശുദ്ധജലം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ജലജീവൻ പദ്ധതി പ്രകാരം കൂടുതൽ കണക്ഷനുകൾ നൽകിയത്തോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്താതെയായി. കോളനിക്ക് സമീപത്തെ പുല്ലരിക്കോട് കുളത്തിൽ നിന്നുമാണ് ജലം എടുത്തിരുന്നത്. ഇവിടുത്തെ ജലം ഉപയോഗയോഗ്യമല്ല. പുതിയ പദ്ധതിപ്രകാരം കുളത്തിൽ സിമെന്റ് തൊടിയിറക്കി ശുജീകരിക്കും. അയ്യായിരം ലിറ്ററിന്റെ കുടിവെള്ള സംഭരണി സ്ഥാപിക്കും. നിലവിലെ പൈപ്പുകൾ മാറ്റി പുതിയ പി.വി.സി. പൈപ്പുകൾ ഇടും. പദ്ധതി പ്രകാരം 65 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ഒരു സമയം രണ്ട് കോളനികളിലേക്കും കുടിവെള്ളം പമ്പ് ചെയ്യാൻ സാദിക്കുമെന്ന് ഗ്രാമപഞ്ചായത്തംങ്ങം പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നത്തോടെ കൃത്യമായി കുടിവെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.