പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികളെ സസ്‍പെൻഡ് ചെയ്തതിലും സ്വജനപക്ഷപാതമെന്ന് ആക്ഷേപം. സർവകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാൻ പട്ടികയിൽ തിരുത്തൽ വരുത്തിയെന്നാണ് ആരോപണം.
സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയ ഫെബ്രുവരി 16, സിദ്ധാർത്ഥൻ അവശനായി കിടന്ന 17, മരിച്ച നിലയിൽ കണ്ടെത്തിയ 18 തീയ്യതികളിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കെല്ലാം ഒരാഴ്ച സസ്‍പെൻഷൻ നൽകിയിരുന്നു. 98 പേർക്കെതിരെയായിരുന്നു നടപടി. റാഗിങ് വിവരം അറിയിച്ചില്ലെന്നതായിരുന്നു കാരണം. എന്നാൽ ഈ പട്ടികയിൽ നിന്ന് രണ്ടുപേരെ മനഃപൂർവം ഒഴിവാക്കാൻ ശ്രമിച്ചതിലാണ് ദുരൂഹത. വെറ്ററിനറി സർവകലാശാലയിൽ ഉന്നത പദവിയുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാൻ ഹോസ്റ്റൽ ചുമതലക്കാരനായ അസിസ്റ്റന്റ് വാർഡനെക്കൊണ്ട് വിദ്യാർത്ഥികളുടെ പട്ടിക തിരുത്തിച്ചു എന്നതാണ് ആരോപണം.
കാട്ടാനക്കലിയിൽ മൂന്ന് ജീവൻ പോയതിന് പിന്നാലെ വയനാട്ടിൽ ഫെബ്രുവരി 17ന് ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഒന്നാം വർഷ വിദ്യാർത്ഥികൾ ഒറ്റ ദിവസത്തേക്ക് ഹോസ്റ്റലിൽ നിന്നിരുന്നു. ഇവർക്ക് സംഭവത്തിൽ നേരിട്ടു പങ്കിലെന്ന് കണ്ട് വൈസ് ചാൻസലർ ഈ വിദ്യാർത്ഥികളെ സംഭവത്തിൽ കുറ്റവിമുക്തരാക്കി. എന്നാൽ അവർക്കൊപ്പം രണ്ടാംവർഷ വിദ്യാർത്ഥികളായ രണ്ടുപേരെ എങ്ങനെ ഉൾക്കൊള്ളിച്ചു എന്നതാണ് ചോദ്യം. സ്വന്തക്കാരെ സംരക്ഷിക്കാൻ വേണ്ടി ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനം ദുർബലപ്പെടുത്തുന്ന വിധം സർവകലാശാല ഇടപെട്ടു എന്നാണ് വിമർശനം.