കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. അതേസമയം, യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ച് എത്തിയിട്ടുണ്ട്. സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അതിനിടെ, തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല.