തൃശൂര്‍ : സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3,800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. ചേലക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തൃശൂര്‍ ജില്ലാതല പ്രവേശനോത്സവവും, പുതിയ എൽ.പി. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പ്രവേശനോത്സവം എല്ലാ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് വരാൻ ഇടയാക്കി. ഏഴ് വർഷം കൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതോടെ വിജയ ശതമാനം ഉയർന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ എല്ലാ സ്കൂളുകളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു.സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന മേഖലയാണ് വിദ്യാഭ്യാസ മേഖല. മദ്യവും മയക്കുമരുന്നും പോലുള്ള തിന്മകൾക്കെതിരെ ഏറ്റവും നന്നായി പ്രവർത്തിക്കാൻ സ്കൂളുകൾക്ക് കഴിയും. വിദ്യാഭ്യാസം വഴി നല്ലൊരു സമൂഹസൃഷ്ടി സാധ്യമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.എസ് എസ് കെ സ്പെഷ്യൽ അധ്യാപകരുടെ നേതൃത്വത്തിൽ മുരുകൻ കാട്ടാക്കട എഴുതിയ പ്രവേശനോത്സവം ഗീതം ആലപിച്ചു. വർണ്ണങ്ങൾ വാരി വിതറി, കുട്ടികളെ അക്ഷര കിരീടങ്ങൾ നൽകി ആനയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ചേലക്കര ജി. എൽ. പി.സ്കൂളിൽ ക്ലാസ്സ് മുറികൾ, ടോയ്‌ലറ്റ് , കിച്ചൻ എന്നിവ അടക്കം ഒന്നരക്കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.സ്കൂൾ പണിത കോൺട്രാക്ടർ നാരായണ പിഷാരടിയെയും മറ്റു പ്രതിഭകളേയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
കയ്‌പമംഗലം നിയോജക മണ്ഡലം തല പ്രവേശനോത്സവം പെരിഞ്ഞനം എസ്.എൻ.സ്മാരകം യു.പി സ്‌കൂളിൽ നടന്നു
ഇ.ടി.ടൈസൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഫാദർ ജോയ് പീനിക്കപറമ്പിൽ പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്.ജയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എസ്.സലീഷ്, സ്‌കൂൾ മാനേജർ പി.ആർ.സജീവ്, പ്രധാനധ്യാപിക സി.ടി.സംഗീത, പി.ടി.എ പ്രസിഡൻ്റ് സജീവൻ പടിഞ്ഞാറേക്കൂറ്റ്, അധ്യാപകൻ ടി.വി.വിനോദ് എന്നിവർ സംസാരിച്ചു.
കയ്‌പമംഗലം പഞ്ചായത്ത് തല പ്രവേശനോത്സവം ചളിങ്ങാട് ജി.എം.എൽ.പി സ്‌കൂളിൽ നടന്നു
പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദേവിക ദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എ.ഷാജഹാൻ, പി.ടി.എ പ്രസിഡൻ്റ് സൈനബ സഗീർ, ബി.ആർ.സി ട്രെയ്‌നർ വി.എസ്.ബിജി, എം.പി.ടി.എ പ്രസിഡൻ്റ് ഷാബിത ജമാൽ, എസ്.എം.സി ചെയർമാൻ ടി.എസ്.നജീബ്, അധ്യാപിക ജിജി എന്നിവർ സംസാരിച്ചു.
ചെന്ത്രാപ്പിന്നി ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
വി.ഡി.പ്രേം പ്രസാദ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ്, വാർഡ് മെമ്പർ ഷൈലജ രവീന്ദ്രൻ, മാനേജർ കെ.കെ.മോഹൻദാസ്, പ്രധാനധ്യാപകൻ കെ.എസ്.കിരൺ, സ്റ്റാഫ് സെക്രട്ടറി ടി.എൻ.അജയകുമാർ എന്നിവർ സംസാരിച്ചു.
ചെന്ത്രാപ്പിന്നി പെരുമ്പടപ്പ എസ്.ആർ.വി.യു.പി സ്കൂളിൽ കുരുന്നുകൾക്ക് അക്ഷരദീപം പകർന്ന് പ്രവേശനോത്സവത്തിന് തുടക്കം