കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കത്തിനില്‍ക്കെ കോണ്‍ഗ്രസില്‍ നിന്നും കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി സനില്‍ കുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനയ്‌ക്കെതിരെയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തളിപ്പറമ്പ് മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അതേ സമയം, ഇടഞ്ഞുനില്‍ക്കുന്ന എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ച കെ.പിസി.സി നേതൃത്വം തുടരും. കേരളത്തിലെ പരാതികള്‍ ഹൈക്കമാന്റിന് മുന്നില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രമേശ് ചെന്നിത്തലയും എം.എം ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വിശദമാക്കും.