എ.എ.പി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭാ ചെയർമാൻ. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സഞ്ജയ് സിങ് ജയിലിലാണ്. അതിനിടെയാണ് എ.എ.പി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ജഗ്ദീപ് ധൻഘർ പറഞ്ഞു.സഞ്ജയ് സിങ്ങിന് പുറമെ ഡൽഹി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ, ചാർട്ടേർഡ് അക്കൗണ്ടന്റ് നരെയ്ൻ ദാസ് ഗുപ്ത എന്നിവരെയാണ് എ.എ.പി നോമിനേറ്റ് ചെയ്തത്.ഇന്ന് രാജ്യസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ സഞ്ജയ് സിങ്ങിന് ഡൽഹി കോടതി അനുമതി നൽകിയിരുന്നു. രാവിലെ 10 മണിക്ക് അദ്ദേഹത്തെ പാർലമെന്റിലെത്തിക്കാൻ ജയിൽ അധികൃതർക്ക് പ്രത്യേക ജഡ്ജി എം.കെ നാഗ്പാൽ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യസഭാ ചെയർമാൻ വിലക്കിയത്. മുതിർന്ന എ.എ.പി നേതാവും മുൻ മന്ത്രിയുമായ സഞ്ജയ് സിങ്ങിനെ കഴിഞ്ഞ വർഷമാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.