സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.