പ്രധാനമന്ത്രിയെ ഇറക്കി കേരളം പിടിക്കാനുളള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കിമാറ്റാനാണ് പാർട്ടിനേതാക്കളുടെ നീക്കം. അടുത്ത മാസം വീണ്ടും തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നതെന്നാണ് വിവരം
കൊച്ചിയിൽ യുവതലമുറയുമായുളള സംവാദം, തൃശൂരിൽ വനിതാ സംഗമം, ഇനി വീണ്ടും കൊച്ചിയിൽ റോഡ് ഷോക്ക് പിന്നാലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പാർട്ടി. 2019 ലെ വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തും.
സഭാനേൃത്വത്തിൻ്റെ പിന്തുണ ഉറപ്പാക്കലും മോദിവഴി തന്നെയാണ്. സന്ദർശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചർച്ചകളും പ്രധാന അജണ്ടയായി തുടരുകയാണ്. അതിനിടെ നടത്തിയ സര്‍വ്വെയില്‍ നിരവധി പേര്‍ മോഡിയെന്ന നേതാവിനെ പിന്തുണക്കുന്നുവെന്നാണ് വിവരം. അതില്‍ ഭൂരിപക്ഷവും യുവാക്കളാണ്.
16,17 തിയ്യതികളെ സന്ദർശനത്തിന് പിന്നാലെ അടുത്ത മാസം പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കാനാണ് സംസ്ഥാന നേതാക്കളുടെ ശ്രമം.ഇതിന് പുറമെ പൊതുസമ്മതരായ സിനിമ നടന്മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിര്‍ത്താനാണ് നീക്കം