ശമ്പളം വൈകുന്നതിനെതിരെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന സൂചനാ പണിമുടക്ക് തുടരുന്നു. സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും തീരുമാനമായില്ലെന്നാണ് ആക്ഷേപം.അടിയന്തിരമായി 15 കോടി രൂപ സർകാർ അനുവദിച്ചെങ്കിലും ഇത് ട്രഷറി നടപടികളിൽ കുരുങ്ങി കിടക്കുകയാണ്.കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആണ് ഓഗസ്റ്റ് മാസത്തെ ശമ്പളം വകുന്നതിൽ പ്രതിഷേധിച്ച് ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സി.ഐ.ടി.യു തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സൂചനാ പണിമുടക്ക് നടത്തുന്നത്. ഇതോടെ റഫറൻസ് കേസുകള്‍ക്ക് സ്വകാര്യ ആംബുലൻസുകളെ അമിത കൂലി നൽകി ആശ്രയിക്കേണ്ട അവസ്ഥയിലാണ് പൊതുജനം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളെ സമരം ബാധിച്ചിട്ടില്ല. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ ആണ് പണിമുടക്ക് കാര്യമായി ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പൂർണമായും 108 ആംബുലൻസ് ജീവനക്കാർ റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്തുകയാണ്. മറ്റ് ജില്ലകളിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുമ്പോൾ മറ്റൊരു വിഭാഗം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്.