കണ്ണൂര്‍: വിമാനത്തിനുള്ളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലിസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ മര്‍ദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരമാണ് വലിയതുറ പോലിസ് കേസെടുത്തത്. ഈ കേസ് എഴുതിത്തള്ളാനാണ് പോലിസ് നീക്കം. വലിയതുറ പോലിസ് കണ്ണൂരിലെത്തിയാണ് പരാതിക്കാര്‍ക്കു നോട്ടീസ് കൈമാറിയത്. പോലിസ് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പോലിസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, വി.എം.സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ ആയിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരില്‍ നിന്നു വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജന് പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു. പിന്നീട് പൊലീസെത്തി യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. വധശ്രമം, ഓദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇ.പി ജയരാജന് ഇന്‍ഡിഗോയിലെ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.